കല്ലടിക്കോട്: തമിഴ്നാട് സംരക്ഷിക്കുന്ന കേരളത്തിലെ ഏക റോഡായ ഇടക്കുർശി-ശിരുവാണി റോഡ് തകർന്നു. ഗതാഗതതടസം രൂക്ഷമായി. ശിരുവാണി ഡാമിൽനിന്നു കോയമ്പത്തൂരിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്നതിനു പകരം നിർമിച്ചുപരിപാലിച്ച് സംരക്ഷിച്ചുപോരുന്ന റോഡാണ് നിരവ് മുതൽ ഇരുമ്പാമുട്ടിവരെ തകർന്നുകിടക്കുന്നത്.
ശിരുവാണി ഡാമിൽനിന്നുള്ള വെള്ളം ടണലിലൂടെ കൊണ്ടുപോയി ആലാംതറയിലെത്തിച്ച് ഫിൽറ്റർ ചെയ്താണ് കോയമ്പത്തൂർ ജില്ലയിലെ വീടുകളിൽ കുടിവെള്ളം എത്തിക്കുന്നത്.
ജലസേചന വകുപ്പുകാർക്കും പ്രാദേശികമായി അറ്റകുറ്റപ്പണികൾ നടത്തുന്നവർക്കും പ്രദേശത്തുകാർക്കും യാത്രചെയ്യുന്നതിനും ഡാമിലേക്ക് എത്തുന്നതിനും വേണ്ടിയാണ് 22 കിലോമീറ്റർ വരുന്ന ഇടക്കുർശി-പാലക്കയം-ശിരുവാണി റോഡ് നിർമിച്ചിട്ടുള്ളത്. ഈ റോഡിന്റെ സംരക്ഷണവും അറ്റകുറ്റപ്പണികളും നടത്തുന്നതിനായി ഓരോ വർഷവും നിശ്ചിതതുക അനുവദിക്കാറുമുണ്ട്.
എന്നാൽ കുറച്ചു വർഷങ്ങളായി ഈ തുക വേണ്ടവിധത്തിൽ ഉപയോഗിക്കുന്നില്ല. പലപ്പോഴും നിർമാണ കരാർ ഏറ്റെടുക്കുന്നതു കേരളത്തിലെ കരാറുകാർ ആയിരിക്കും. അവർ മറ്റു ചെറുകിട കരാറുകാർക്കു മറിച്ചുനൽകും. നിർമാണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്താൻ വേണ്ടവിധത്തിൽ ഇടപെടാത്തതാണ് റോഡുകൾ പൊട്ടിപ്പൊളിയാൻ കാരണം. ഇഞ്ചിക്കുന്ന് വനംവകുപ്പിന്റെ ചെക്ക്പോസ്റ്റു മുതൽ ശിങ്കൻപാറവരെയുള്ള റോഡ് പല ഭാഗങ്ങളിലും പൂർണമായും തകർന്നിരിക്കുകയാണ്.
ശിങ്കൻപാറയിലെ ആദിവാസി ഉന്നതിയിലുള്ളവർക്കു പാലക്കയത്ത് എത്തിയാൽമാത്രമേ റേഷനടക്കമൂള്ള സാധനങ്ങൾ വാങ്ങാനാകൂ. ശിരുവാണി സന്ദർശിക്കാനെത്തുന്ന സന്ദർശകർക്കും തകർന്ന റോഡുകൾ ദുരിതം സൃഷ്ടിക്കുന്നുണ്ട്. റോഡ് പൂർണമായും ടാർ ചെയ്ത് സംരക്ഷിക്കണമെന്നാണ് നാട്ടുകാരൂടെ ആവശ്യം.